കലിഫോർണിയ: ബർബാങ്കിൽ ഇന്ത്യൻ വംശജയായ അധ്യാപിക കുത്തേറ്റ് മരിച്ചു. ബ്രെറ്റ് ഹാർട്ട് എലിമെന്ററി സ്കൂളിലെ അധ്യാപികയായ ആർതി വർമയാണ് മരിച്ചത്. പരിക്കേറ്റ മകൾ മീര വർമ ചികിത്സയിലാണ്.
ഈ മാസം 20ന് ബർബാങ്കിലെ നോർത്ത് ബ്രൈറ്റൺ സ്ട്രീറ്റിലുള്ള ഇവരുടെ വസതിയിലാണ് സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ഇരുവരെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ സെർജിയോ ഫ്രെയറിനെ (30) പോലീസ് അറസ്റ്റ് ചെയ്തു.
സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിക്ക് കുടുംബവുമായി മുൻപരിചയമുണ്ടോ എന്നോ ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണമെന്തെന്നോ വ്യക്തമായിട്ടില്ല.
ആർതിയുടെ ഭർത്താവ് ഈ സമയത്ത് ഇന്ത്യയിലായിരുന്നു. മാനസികാരോഗ്യ മേഖലയിലെ സജീവ പ്രവർത്തകയാണ് പരിക്കേറ്റ മീര വർമ.
ബർബാങ്ക് മേഖലയിലെ ഇന്ത്യൻ സമൂഹത്തെയും സഹപ്രവർത്തകരെയും ഈ ദാരുണ സംഭവം ഏറെ ഞെട്ടിച്ചിരിക്കുകയാണ്.